തിരുവനന്തപുരം|
Last Modified ബുധന്‍, 19 നവംബര്‍ 2014 (12:19 IST)
നടന്‍ മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശക്കെതിരെ പരാതി. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കേസില്‍ പ്രതിയായ മോഹന്‍ലാലിന് പത്മഭൂഷണ്‍ സമ്മാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതിയുടെ പകര്‍പ്പ് അയച്ചു.
പാലക്കാട്ടെ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്. ലാലിന്റെ വസതിയില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പത്മഭൂഷണ്‍ പുരസ്കാരത്തിനായി മോഹന്‍ലാലിന്‍െറയും ഗാന്ധി സ്മാരക നിധി പ്രസിഡന്‍റ് വി ഗോപിനാഥന്‍ നായരുടെയും പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. മന്ത്രിസഭാ ഉപസമിതിയാണ് പത്മപുരസ്കാരത്തിന് അര്‍ഹരായവരുടെ പട്ടിക തയാറാക്കിയതെന്നും തെരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യതയില്ലെന്നും പരാതിയില്‍ പറയുന്നു.