തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (07:55 IST)
കൂറുമാറ്റ നിരോധ നിയമപ്രകാരം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ പരാതിയില്‍ സ്പീക്കര്‍ എൻ. ശക്തൻ ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം പരാതിക്കാരനായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെയും പിസി ജോർജിന്റെയും വാദമുഖങ്ങൾ സ്പീക്കർ കേട്ടിരുന്നു.
ഹർജി നിലനിൽക്കുന്നതാണെന്ന് സ്പീക്കർ വിധി പ്രസ്താവിച്ചാൽ തുടർന്ന് ജോർജിനെ അയോഗ്യനാക്കും. അങ്ങനെയുണ്ടായാൽ പി.സി ജോർജ് സ്പീക്കറുടെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാനാണ് സാധ്യത.
ചീഫ് വിപ്പ്
തോമസ് ഉണ്ണിയാടൻ നൽകിയ പരാതി നിയമപരമായി നിലനിൽക്കില്ല എന്നും കേരളാ കോണ്‍ഗ്രസ് (എം) നല്‍കിയ പരാതി നിയമപരമല്ലെന്നാണ് ജോര്‍ജിന്റെ നിലപാട്. പ്രശ്നത്തില്‍ കക്ഷിയല്ലാത്ത ധനമന്ത്രി കെഎം മാണിയെ രണ്ടാംകക്ഷിയാക്കിയത് ദുരുദ്ദേശ്യപരമാണെന്നും സ്പീക്കറില്‍ സമ്മര്‍ദം ചെലുത്താനാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, അയോഗ്യതാ ഹർജിയിൽ തോമസ് ഉണ്ണിയാടൻ തനിക്കെതിരെ സമർപ്പിച്ച രേഖകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ സ്പീക്കർക്ക് കത്തു നൽകി.
സെപ്റ്റംബര്‍ ഒന്നിന് നടന്ന തെളിവെടുപ്പില്‍ തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അഡ്വ കെ രാംകുമാര്‍ അദ്ദേഹത്തിനുവേണ്ടി കഴിഞ്ഞ ദിവസം ഹാജരായിരുന്നു. എന്നാല്‍, തോമസ് ഉണ്ണിയാടന്‍ അഭിഭാഷകനെ കൊണ്ടുവന്നില്ല. ആവശ്യമെങ്കില്‍ അഭിഭാഷകനെ പിന്നീട് ഹാജരാക്കാനാണ് തീരുമാനം.