വിദ്യാര്‍ത്ഥികളില്‍ വൃക്ഷങ്ങളുടെയും വനത്തിന്റെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഡ്വ.കെ.രാജു

ശ്രീനു എസ്| Last Updated: ബുധന്‍, 8 ജൂലൈ 2020 (10:34 IST)
വിദ്യാര്‍ത്ഥികളില്‍ വൃക്ഷങ്ങളുടെയും വനത്തിന്റെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ വനങ്ങള്‍ സംരക്ഷിക്കുന്ന സന്ദേശമാണു വനമഹോത്സവം മുന്നോട്ടുവയ്ക്കുന്നത്. വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതമായി നിലമ്പൂരിലെ കരിമ്പുഴയെ പ്രഖ്യാപിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അതിജീവനം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകള്‍ നട്ടു കൊണ്ടാണ് വനമഹോത്സവത്തിന് ജൂലൈ 1തുടക്കം കുറിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തില്‍ അധികം പൂര്‍ത്തിയായികഴിഞ്ഞൂ. 360 ഏക്കറോളം വരുന്ന വനം വകുപ്പ് സ്ഥലത്ത് 350 കോടിയില്‍ അധികം രൂപ ചെലവഴിച്ചാണു ലോകത്തിലെതന്നെ സവിശേഷതകളുള്ള പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെന്മലയില്‍ നെടുങ്ങല്ലൂര്‍ പച്ച പൂര്‍ണ്ണമായി തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളോടെയാണ് ഈ വര്‍ഷത്തെ വനമഹോത്സവം സമാപിക്കുന്നത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വനംവകുപ്പ് കൈമാറിയ 3,032 ഹെക്ടര്‍ സ്ഥലം ഈ സര്‍ക്കാര്‍ തിരികെ എടുത്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൈവവേലി വനമേഖലകളില്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചുവെന്നും മന്ത്രി കെ.രാജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :