പനാജി|
സജിത്ത്|
Last Modified ചൊവ്വ, 28 നവംബര്‍ 2017 (18:01 IST)
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരത്തിനര്‍ഹയായി പാർവതി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമായ ടേക്ക് ഓഫിലെ സമീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പാർവതിയ്ക്ക് പുരസ്കാരം ലഭിച്ചത്.
ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ഏകചിത്രമായിരുന്നു മഹേഷ് നാരായണന്റെ ടേക്ക് ഓഫ് എന്നതും ശ്രദ്ധേയമായി.
ഇതാദ്യമായാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു മലയാള നടി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. നിരവധി ലോക സിനിമകളോടു മത്സരിച്ചായിരുന്നു പാര്‍വതിയുടെ ഈ പുരസ്കാര നേട്ടം. തനിക്ക് ലഭിച്ച പുരസ്‌ക്കാരം മരിച്ചുപോയ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും കേരളത്തിലെ എല്ലാ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നതായി പുരസ്‌ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് പാര്‍വതി പറഞ്ഞു.
2014ൽ ആഭ്യന്തര യുദ്ധമുണ്ടായകാലത്ത് ഇറാഖിൽ കുടുങ്ങിയ 19 നഴ്സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ടേക്ക് ഓഫിന്റെ കഥ. യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന സിനിമയിൽ പാർവതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പി.വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.