പരിവാഹൻ തട്ടിപ്പ്, സംസ്ഥാനത്ത് ഇരകളായത് 1832 പേർ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജൂലൈ 2024 (19:18 IST)
സംസ്ഥാനത്ത് പരിവാഹന്‍ ആപ്പ് തട്ടിപ്പിനിരയായി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത് 1832 പേര്‍. തട്ടിപ്പ് വിവരം പോലീസില്‍ അറിയിക്കുക മാത്രം ചെയ്തവരും ഏറെയുണ്ട്. വിദ്യാസമ്പന്നരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം കെണിയില്‍ കുടുങ്ങിയത് പോലീസിനും വാഹനവകുപ്പിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നതാണ്.

വാട്ട്‌സാപ്പ്- എസ്എംഎസ് സന്ദേശമായി മൊബൈല്‍ ഫോണില്‍ വരുന്ന സന്ദേശം വഴിയാണ് തട്ടിപ്പിന്റെ തുടക്കം. വാഹനം നിയമലംഘനത്തില്‍ പെട്ടിട്ടുണ്ടെന്നും അതിവേഗത്തില്‍ വാഹനം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും സന്ദേശം. മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വരുന്ന ഈ സന്ദേശത്തില്‍ വാഹനത്തിന്റെ നമ്പര്‍,നിയമലംഘബം നടത്തിയ തീയതി, ഇതിനെതിരെ വകുപ്പ് പുറത്തീറക്കിയ പിഴ ചലാന്‍ നമ്പര്‍ എന്നിവയുമുണ്ടാകും. നിയമലംഘനത്തെ പറ്റി കൂടുതല്‍ അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുക.

ഈ ടെസ്റ്റ് സന്ദേശത്തിനൊപ്പമെത്തുന്ന എപികെ ഫയലാണ് ഉപഭോക്താക്കളെ കെണിയിലാത്തുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐ ഫോണിന്റെ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നല്ലാതെ പുറത്തുള്ള ലിങ്കുകള്‍ വഴി ആപ്പിലേക്ക് പോകുന്നതോടെയാണ് ആളുകള്‍ കെണിയില്‍ വീഴുന്നതെന്ന് കോഴിക്കോട് സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ ലിങ്കുകളില്‍ രണ്ട് യെസ് കൊടുക്കുന്നതോടെ റിമോട്ട് ആക്‌സസ് സോഫ്റ്റ്വെയര്‍ മൂലം അനുമതി തട്ടിപ്പുകാര്‍ക്ക് ലഭിക്കും. ഇത് വഴി ഓടിപികള്‍ ഉപയോഗിക്കാനും അക്കൗണ്ടില്‍ പ്രവേശിച്ച് പണം എടുക്കാനും സംഘത്തിന് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :