വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 19 നവംബര്‍ 2020 (11:02 IST)
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേർത്തു. പാലം നിർമ്മാണ വേളയിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷ് കരാറുകാരന് അനധികൃതമായി വായ്പ അനുമവദിയ്ക്കാൻ കൂട്ടുനിന്നു എന്നും കരാറുകാരിനിന്നും സുരക്ഷാ നിക്ഷേപം
ഈടാക്കുന്നതിൽ വീഴ്ചവരുത്തി എന്നുമാണ് വിജിലൻസ് കണ്ടെത്തിയിരിയ്ക്കുന്നത്.
കേസിൽ പത്താംപ്രതിയാണ് മുഹമ്മദ് ഹനിഷ്. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയ്ക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ് അനുവദിച്ചിരുന്നു. ടെൻഡർ വ്യവസ്ഥകൾ മറികടന്നാണ് ആർഡിഎസ്സിന് വായ്പ് അനുവദിച്ചത് എന്ന് കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തിരിയ്ക്കുന്നത്.
നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനെ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നാലുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മുൻകൂർ തുക അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അന്ന് മുഹമ്മദ് ഹനീഷ് മൊഴി നൽകിയത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.