‘ദിലീപിന്റെ അറസ്റ്റില്‍ നടന്നത് പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമം’; ഗൂഢാലോചനയ്ക്കു പിന്നിലും കോടിയേരിയടക്കം മൂന്നുപേര്‍: പി സി ജോര്‍ജ്ജ്

തിരുവനന്തപുരം| സജിത്ത്| Last Updated: ശനി, 22 ജൂലൈ 2017 (11:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയാണുള്ളതെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. കോടിയേരി ബാലകൃഷ്ണനും എ.ഡി.ജി.പി ബി. സന്ധ്യയും കൂടാതെ ഒരു തിയേറ്റര്‍ ഉടമയുമാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്‍. പിണറായിക്കെതിരായ കോടിയേരിയുടെ കളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് കോടിയേരി നടത്തുന്നത്. ചാരക്കേസ് കരുണാകരനെതിരെ ഉപയോഗിച്ചതുപോലെയാണ് കോടിയേരി ഈ കേസ് പിണറായിക്കെതിരെ ഉപയോഗിക്കുന്നതെന്നും മാതൃഭൂമിയോട് സംസാരിക്കവെ പി.സി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ലെന്നാണ് നേരത്തെ പി സി ജോര്‍ജ്ജ് പറഞ്ഞത് അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറങ്ങിയിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ഇതിലില്ല. ദിലീപ് ഒരു മാന്യനായതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു. ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ. മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടുമൂന്നു പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നുമാണ് പി.സി ജോര്‍ജ് പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :