കാസര്‍കോട്/തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (10:23 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന വിമതര്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്ത്യശാസനം. നിലവില്‍ മത്സര രഗത്ത് ഉറച്ചു നില്‍ക്കുന്നവര്‍ക്ക് പിന്മാറാന്‍ ഒരവസരം കൂടി നല്‍കും. മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഹകരിക്കുന്നവരെ പുറത്താക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കാസര്‍കോട് വിമതര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി ആരംഭിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെയാണ് ഡിസിസി പുറത്താക്കിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പികെ രാഗേഷ്, കെപി അനിത, കെ ബാലകൃഷ്ണന്‍, ലീല, ശോഭന, കെ. നൈന എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കൂടാതെ ജില്ലയിലെ വിമതരുടെ പട്ടിക നല്‍കാനും കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ കൂടി വിമതരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡി.സി.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമേ വിമര്‍ക്കെതിരെ നടപടിയെടുക്കുകയുളളു.
ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണച്ചു മത്സരരംഗത്തുനിന്ന് ഉടനടി പിന്മാറുന്നവരെ അച്ചടക്ക നടപടിയില്‍നിന്ന് ഒഴിവാക്കാന്‍ ഞായറാഴ്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും നിര്‍ദേശം നല്‍കിയിരുന്നു. വിമതരുടെ ലിസ്റ് ശേഖരിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് നേതൃത്വം ഞായറാഴ്ചയും തുടര്‍ന്നിരുന്നു.