ജിബിന്‍ ജോര്‍ജ്|
Last Updated:
ശനി, 13 ഫെബ്രുവരി 2016 (19:26 IST)
മലയാളികളുടെ നാവിന്‍തുമ്പില്‍ തുടിച്ചുനില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച വാടാത്ത കാവ്യസുഗന്ധമായിരുന്നു ഒഎന്‍വി കുറുപ്പ്. പ്രണയത്തിനൊപ്പം വിരഹവും, വേദനയും കവിതകളില്‍ ചാലിച്ചെടുത്തപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത തേനൂറുന്ന കവിതകളാണ്. മനസുകളെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ച കവിതകളില്‍ നിന്ന് പില്‍ക്കാലത്ത് സിനിമാ ഗാനങ്ങളിലേക്കും ഒഎന്‍വി ചുവടുവെച്ചപ്പോഴും മധുരതരങ്ങളായ ഗാനങ്ങളായിരുന്നു മലയാളിക്ക് ലഭിച്ചത്.
ആശാൻ, ഉളളൂർ, വള്ളത്തോൾ എന്ന ആദ്യ കവിത്രയത്തിൽനിന്ന് വൈലോപ്പിള്ളി, ചങ്ങമ്പുഴ, ഇടശേരി എന്നീ രണ്ടാം കവിത്രയത്തിലൂടെ മലയാള
കവിത ഒഎൻവിയിലെത്തുമ്പോൾ മനസുകളിൽ നിറയുന്നത് വിപ്ലവത്തിന്റെ തീവ്രഭാവങ്ങളായിരുന്നു. സിനിമയില്‍ ഒരു കൈ നോക്കാനിറങ്ങിയ മലയാളത്തിന്റെ പുണ്യമനസ് നമുക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഗാനങ്ങളായിരുന്നു.
പവിഴം പോല്‍ പവിഴാധരം പോല്‍, സാഗരമേ ശാന്തമാക നീ, മലരൊളിയേ മഞ്ചാടിമണിയേ, ഇന്ദ്രനീലിമയോലും, ആരെയും ഭാവഗായകനാക്കും, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒരു ദലം മാത്രം വിടര്‍ന്നൊരു, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍, മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ഓര്‍മകളേ കൈവളി ചാര്‍ത്തി, അരികില്‍ നീയുണ്ടായിരുന്നെങ്കില്‍, വാതില്‍പഴുതിലൂടെന്‍ മുന്നില്‍ തുടങ്ങി ഒരിക്കലും മരിക്കാത്ത എത്രയെത്ര ഗാനങ്ങള്‍!
കവിതകളും സിനിമാഗാനങ്ങളും ഒരു പോലെ കൊണ്ടു പോയ പ്രീയ കവി എന്നും കേരളീയതയിൽ ഉറച്ചു നിന്നു. മലയാള മണ്ണിന്റെ സുഗന്ധവും രുചിയും ആ കവിതകളില്‍ തുളുമ്പി നിന്നു. ചങ്ങമ്പുഴയ്‌ക്ക് ശേഷം ഇത്രത്തോളം ജനഹൃദയങ്ങളോട് അടുത്ത കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല.
വളരെ ചുരുക്കം മാത്രം ചിരിക്കുകയും ജനങ്ങളില്‍ നിന്ന് അകലം പാലിച്ച് ജീവിക്കുകയും എന്നാല്‍ വിദ്യാര്‍ഥികളുടെ മുന്നിലെത്തുബോള്‍ തനി നാടനായി തീരുകയും ചെയ്യുന്ന ഒഎന്‍വി ഒരിക്കലും മായാത്ത വിസ്‌മയമാണെന്നതില്‍ സംശയമില്ല. കാലവും ഓര്‍മ്മകളും ഒരിക്കലും അദ്ദേഹത്തെ കൈവിടില്ല. അത്രവലിയ സംഭാവനകളാണ് നമുക്ക് അദ്ദേഹം സമ്മാനിച്ചത്.
കവിതയിൽ നിന്ന് പ്രയുക്ത കവിതയിലേക്കുള്ള ഒരു വഴി നീക്കമാണ് തന്റെ ഗാനങ്ങളെന്ന് ഒഎൻവി തന്നെ പറയാറുണ്ട്. പ്രായവും കാലവും കടന്നു പോകുബോഴും ഗ്രാമവും, ഗ്രാമീണതയും അദ്ദേഹം ഒരിക്കലും മറന്നില്ല. പ്രണയവും വിരഹവും കവിതകളില്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളിയുള്ളകാലം ഓര്‍ത്തിരിക്കാവുന്ന ഒരുപാട് ഗാനങ്ങളും ഒപ്പം പിറന്നു.