ഓൺലൈൻ വഴി 25 ലക്ഷം തട്ടിയ 40 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (15:39 IST)
ഓൺലൈൻ വഴി 25 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയ ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പിൽ ഷാജഹാൻ (40) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.


കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പാലാരിവട്ടം സ്വദേശിനിയിൽ നിന്നാണ് പണം തട്ടിയെടുത്തത്.പാർട്ട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ്പ് മെസ്സേജിലൂടെ സന്ദേശം അയച്ച് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്.2024 ജനുവരി മാസം യുവതിയുമായി വാട്സാപ്പ്, ടെലഗ്രാം ചാറ്റിലൂടെ ബന്ധപ്പെട്ട പ്രതികൾ പാർട്ടൈം തൊഴിൽ ഓഫർ ചെയ്ത് വിവിധ ഓൺലൈൻ ടാസ്കുകൾ നല്കി. ഇതിനു ശേഷം ഈ വർഷം 25 ജനുവരി മുതൽ 30 ജനുവരി വരെയുളള കാലയളവിൽ പരാതിക്കാരിയുടെ രണ്ട് ബാങ്ക് അക്കൌണ്ടുകളിൽ നിന്നായി 25ലക്ഷത്തിലധികം രൂപ തട്ടിയെടുത്തശേഷം പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൌണ്ടുകളിലേക്കയച്ചാണ് തട്ടിപ്പ് നടത്തിയത്.

പിടിയിലായ പ്രതി ഷാജഹാൻ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അക്കൗണ്ടിലെത്തിയ പണം മറ്റ് പ്രതികളുടെ സഹായത്താൽ ചെക്ക് മുഖേന വിഡ്രോ ചെയ്തെടുക്കുകയുമായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിർദേശപ്രകാരം ഓൺലൈൻ തട്ടിപ്പ് കേസുകളിൽപെട്ട കേരളത്തിലുള്ള അക്കൌണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :