മൂന്നു മുന്നണികളെയും പരാജയപ്പെടുത്തിയ 22 കാരന്‍ പഞ്ചായത്ത് പ്രസിഡന്റാകും

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:14 IST)
ഉഴവൂര്‍: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നൊരു സംഘടനാ രൂപീകരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നു മത്സരിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ മൂന്നു മുന്നണികളെയും തറപറ്റിച്ചു വിജയിച്ച 22 കാരന്‍ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലേക്ക്.

അറുപതു വയസുകഴിഞ്ഞ എല്ലാവര്ക്കും പെന്‍ഷന്‍ വേണമെന്ന് വാദിക്കുന്നവരാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. ഇവരുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായി വിജയിച്ച ജോണിസ് പി.സ്റ്റീഫന്‍ എന്ന 22 കാരനാണ് ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റാവുന്നത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാളായിരിക്കും
ജോണിസ് പി.സ്റ്റീഫന്‍. ബംഗളൂരു ക്രൈസ്ട് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ജോണിസ്.

ഉഴവൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകളിലാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. രണ്ട് പേര്‍ വിജയിച്ചു. നാലാം വാര്‍ഡിലാണ് മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി 194 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജോയിസ് പി.സ്റ്റീഫന്‍ വിജയം നേടിയത്. ജോയിസിനൊപ്പം മൂന്നാം വാര്‍ഡിലും ഇവരുടെ സ്ഥാനാര്‍ഥി വിജയിച്ചു. ഫലം വന്നപ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 5
വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് ഒരു സീറ്റും സ്വാതന്ത്രര്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.

ഇതോടെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ നിലപാട് ഇവിടെ നിര്‍ണ്ണായകമായി. നീക്കുപോക്കു കളോടെ ഇവര്‍ യു.ഡി.എഫിനൊപ്പം ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ജോണീസ് പ്രസിഡന്റാകും. അധ്യാപക ദമ്പതികളായ പാണ്ടിയാംകുന്നേല്‍ സ്റ്റീഫന്റെയും ലൈബിയുടെയും മകനായ ജോണീസ് 28 നു പ്രസിഡന്റായി അധികാരമേല്‍ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :