മലപ്പുറം|
സജിത്ത്|
Last Modified ശനി, 17 ഡിസംബര്‍ 2016 (11:26 IST)
സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് ബസുടമകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓര്‍ഡിനറി, സിറ്റി, ലിമിറ്റഡ് സ്റ്റോപ് എന്നീ ബസുകള്‍ക്ക് നിര്‍ണിത നിറങ്ങള്‍ നല്‍കിയാണ് സംസ്ഥാനത്തെ മുഴുവന്‍ ബസുകളുടെയും നിറം ഏകീകരിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാന ഗതാഗത അതോറിറ്റി ബസ് ഓപറേറ്റര്‍മാര്‍, പൊലീസ്, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍നിന്ന് അഭിപ്രായം ആരായാന്‍ തീരുമാനിച്ചു.
നിലവില്‍ മൂന്ന് നഗരങ്ങളില്‍ മാത്രമാണ് സിറ്റി ബസുകള്‍ അവിടങ്ങളിലെ ആര്‍.ടി ഓഫിസ് നിര്‍ണയിച്ചു നല്‍കിയ നിറങ്ങളില്‍ സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്ത് നീല നിറത്തിലും കൊച്ചിയില്‍ ചുവപ്പ് നിറത്തിലും കോഴിക്കോട് പച്ചനിറത്തിലുമാണ് സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നത്. മറ്റു സ്വകാര്യ ബസുകള്‍ വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ റോഡിലിറങ്ങുന്നത് അനാരോഗ്യ പ്രവണതകളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നിറം ഏകീകരിക്കുന്നതിനായി തീരുമാനമെടുക്കുന്നത്.
പ്രകൃതിക്ക് അനുയോജ്യമായതും കണ്ണിനും മനസ്സിനും കുളിര്‍മ പകരുന്നതുമായ നിറങ്ങള്‍ നിര്‍ദേശിക്കാന്‍ ബസുടമകളോട് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളില്‍ ഇത്തരത്തിലുള്ള നിറങ്ങള്‍ വേണമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 264ാം വകുപ്പും അനുശാസിക്കുന്നുണ്ട്. തീരുമാനം നടപ്പിലാകുകയാണെങ്കില്‍ നിലവിലെ ബസുകള്‍ക്ക് നിറം മാറാന്‍ ഫിറ്റ്നസ് സമയം വരെ അവസരം നല്‍കാനും സാധ്യതയുണ്ട്.