ലൈറ്റ് മെട്രോ, ശമ്പള പരിഷ്‌കരണ ശുപാര്‍ശ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

  ലൈറ്റ് മെട്രോ, ശമ്പള പരിഷ്‌കരണ ശുപാര്‍ശ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 23 ജൂലൈ 2015 (08:37 IST)
ലൈറ്റ് മെട്രോ, ശമ്പള പരിഷ്‌കരണ ശുപാര്‍ശ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ലൈറ്റ് മെട്രോ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നതും ശമ്പള പരിഷ്‌കരണ ശുപാര്‍ശയിലും ചര്‍ച്ചയുണ്ടാകും.

ശമ്പള പരിഷ്‌കരണത്തിന് കഴിഞ്ഞ ദിവസം ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യും. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതി എങ്കിലും അതില്‍ പങ്കാളിയാകില്ലെന്ന്
ഇ ശ്രീധരന്‍ വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയ്‌ക്ക് വരുന്നത്.

എന്നാല്‍ ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും മേല്‍നോട്ടച്ചുമതല ഏല്‍പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് ഇന്നത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കിയേക്കും. കഴിഞ്ഞദിവസം ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണം ഡി.എം.ആർ.സിക്കു നൽകുന്നത് സംബന്ധിച്ച വിഷയം മന്ത്രിസഭായോഗം പരിഗണിക്കാത്തതിനു പിന്നിൽ ധനവകുപ്പിന്റെയും ചീഫ് സെക്രട്ടറിയുടെയും അതിരൂക്ഷമായ എതിർപ്പാണെന്ന് അറിയുന്നു. കഴിഞ്ഞ ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗത്തിൽ ലൈറ്റ് മെട്രോയ്ക്കായി ഡി.എം.ആർ.സി തയ്യാറാക്കി നൽകിയ പദ്ധതിരേഖയടക്കം പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെയും ധന സെക്രട്ടറിയുടെയും അതിരൂക്ഷമായ എതിർപ്പ് സഹിതമാണ് ഡിപിആർ സമർപ്പിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ ലൈറ്റ് മെട്രോ വിഷയത്തില്‍ ഇന്ന് നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഈ വിഷയവും മന്ത്രിസഭാ യോഗത്തില്‍ വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :