നമോ മന്ത്രിസഭയില്‍ കേരളം ഉണ്ടാകില്ല?

ന്യൂഡല്‍ഹി| Last Modified ശനി, 17 മെയ് 2014 (10:36 IST)
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധി ഉണ്ടാകില്ലെന്ന് സൂചന. മന്ത്രിസഭാ വികസനത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തയോ ഘട്ടത്തില്‍ മാത്രമെ കേരളത്തില്‍ നിന്ന് ആരെയെങ്കിലും പരിഗണിക്കുകയുള്ളൂ. ഒ രാജഗോപാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസ്, മോഡിയോട് ഏറെ അടുപ്പമുള്ള അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ അപ്പോള്‍ പരിഗണിച്ചേയ്ക്കാം.

രാജഗോപാല്‍ ജയിച്ചാല്‍ പ്രധാനവകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയാകുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തവണയും പരാജപ്പെട്ടതോടെ രാജഗോപാല്‍ അനുയായികള്‍ നിരാശരാണ്. ഒരംഗംപോലുമില്ലാത്ത കേരളത്തില്‍ നിന്ന് ബിജെപി ഒരാളെ മന്ത്രിസഭയിലെടുക്കുമോയെന്നതാണ് ആദ്യത്തെ ചോദ്യം. മന്ത്രിസഭ വികസനത്തിന്റെ അടുത്ത ഏതെങ്കിലും ഘട്ടത്തില്‍ മോഡി കനിഞ്ഞ് ഒരുമന്ത്രിസസ്ഥാനം നല്‍കിയാല്‍ ഒ രാജഗോപാലിന് നറുക്ക് വീഴാം.

തോറ്റവരെ മന്ത്രിയാക്കേണ്ടതില്ലെന്നാണ് തീരുമാനിക്കുന്നതെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെയോ ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസിനെയോ പരിഗണിച്ചേയ്ക്കാം. എന്നാല്‍ സഹമന്ത്രി പദത്തില്‍ കൂടുതല്‍ നല്‍കാന്‍ സാധ്യതയില്ല. നരേന്ദ്രമോഡിയുടെ നയരൂപീകരണ സംഘത്തില്‍പ്പെട്ട ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. സിവില്‍ സര്‍വീസിലെ അദ്ദേഹത്തിന്റെ മികവും പരിചയസമ്പത്തും ബിജെപി പരിഗണിക്കും. മന്ത്രിപദം നല്‍കുന്നയാളെ രാജ്യസഭയില്‍ ഒഴിവുവരുന്നമുറയ്ക്ക് മധ്യപ്രദേശില്‍ നിന്നോ രാജസ്ഥാനില്‍ നിന്നോ ജയിപ്പിച്ചെടുക്കേണ്ടിയും വരും. രാജഗോപാലും മുമ്പ് മധ്യപ്രദേശിലെ രാജ്യസഭാംഗമെന്ന നിലയിലാണ് കേന്ദ്രമന്ത്രിസഭയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :