Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്

Nipah contact tracing, Nipah, Nipah Kerala, Nipah Alert
രേണുക വേണു| Last Modified തിങ്കള്‍, 7 ജൂലൈ 2025 (20:23 IST)
Review Meeting Kerala

Nipah Virus: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്.

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് ആരോഗ്യപ്രവര്‍ത്തകരുള്ളതില്‍ ഒരാള്‍ സി.ടി സ്‌കാന്‍ ടെക്നീഷ്യനാണ്. സമ്പര്‍ക്ക പട്ടികയിലുള്ള 48 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 46 ഉം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇതില്‍ 23 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും 23 പേര്‍ കോഴിക്കോട്ടുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ളവര്‍ എല്ലാവരും ക്വാറന്റൈനിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

രണ്ട് രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗസാധ്യത ഉണ്ടാകാനുള്ള ഈ കാലയളവ് വളരെ പ്രാധാന്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവിനെ ലാഘവത്വത്തോടെ കാണരുത്. 21 ദിവസം പൂര്‍ണമായും ക്വാറന്റൈന്‍ പാലിക്കണം.

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ക്വാറന്റൈനിലുള്ളവര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഭക്ഷണം ഉറപ്പാക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്ന ഇതര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് സംവിധാനമൊരുക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ള ആരെയും കണ്ടെത്താതെ പോകാന്‍ പാടില്ല. ഇതിനായി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെട്ട 8706 വീടുകളില്‍ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സര്‍വൈലന്‍സ് പൂര്‍ത്തിയാക്കി. നിപയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കേസുകള്‍ സൈബര്‍ സെല്ലിനു കൈമാറുമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :