Renuka Venu|
Last Modified ചൊവ്വ, 15 ജൂലൈ 2025 (17:33 IST)
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ
അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനില്‍ ഇന്ന് മധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുമായി സൂഫി പണ്ഡിതര്‍ നടത്തിയ മധ്യസ്ഥ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറായെന്നും റിപ്പോര്‍ട്ടുകളുണ്ട്.