ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2019 (09:35 IST)
രാത്രിയിലും പൊതുയിടം എന്റേതും എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കേരളത്തിലെ സ്ത്രീകളുടെ നടത്തം. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പങ്കെടുത്തത് എണ്ണായിരത്തിലധികം സ്ത്രീകളാണ്.
രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെയായിരുന്നു രാത്രി നടത്തം. പ്രമുഖരുൾപ്പെടുന്ന സ്ത്രീകളാണ് പരിപാടിക്ക് പിന്തുണയുമായെത്തിയത്. ഏറ്റവുമധികം പേര്‍ രാത്രി നടന്നത് തൃശ്ശൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു. രണ്ടിടത്ത്. സ്ത്രീകൾ തന്നെയായിരുന്നു പടിപാടിക്ക് നേതൃത്വം നൽകിയതും.
അതേസമയം, കോട്ടയത്തും കാസർഗോഡും സ്ത്രീകൾക്ക് നേരെ മോശം പെരുമാറ്റമുണ്ടായതായി റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് ഓട്ടോഡ്രൈവർ ‘പോരുന്നോ’ എന്ന് ചോദിച്ച് പിന്നാലെ കൂടിയെന്ന് ഓട്ടോ നമ്പർ കുറിച്ചെടുക്കാൻ തുനിഞ്ഞപ്പോൾ വണ്ടി വിട്ടെന്നും സ്ത്രീകൾ പരാതിപെട്ടു.
കാസർകോട് പരിപാടിക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ സംരക്ഷണയിൽ നടത്തിയ പരിപാടിക്ക് തുടർച്ചയുണ്ടാകുമെന്നാണ്
സർക്കാർ വ്യക്തമാക്കുന്നത്.