ഗാന്ധിനഗര്‍|
jibin|
Last Updated:
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (19:56 IST)
കോണ്‍ഗ്രസ് രാജ്യമെങ്ങും നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈരാശ്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അശുഭ പ്രതീക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് നിരവധി മുഖ്യമന്ത്രിമാരെയും നേതാക്കളെയും സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എങ്കിലും ഒരു കുടുംബത്തെ രക്ഷിക്കുക എന്നതാണ് അവരുടെ അജണ്ട. അവര്‍ക്ക് രാജ്യത്തെക്കുറിച്ച് ചിന്തയില്ല. കോൺഗ്രസിന്റെ സാമ്രാജിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഗാന്ധി ഭരണം അവസാനിച്ചു. വികസനമാണ് വിജയം നേടിയത്. കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഗുജറാത്തിനെ നശിപ്പിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയിട്ടില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തിന് നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയത്. രാഷ്ട്രീയത്തിന്റെ നിലവാരം തകര്‍ക്കുകയാണ് അവര്‍ ചെയ്തത്. ബിജെപി കുടുംബവാഴ്ചയുടെ പാര്‍ട്ടിയല്ല. മറിച്ച് പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി, നോട്ട് നിരോധനം അട്ടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിൽ കോൺഗ്രസിനും തുല്യ പങ്കാളിത്തമുണ്ടെന്നും ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തില്‍ മോദി വ്യക്തമാക്കി. ബിജെപി അധ്യക്ഷന്‍ അമിത്ഷായും ചടങ്ങിനെത്തിയിരുന്നു.