'വികസനം എനിക്കിഷ്ടമാണ്, പട്ടികളെ എനിക്ക് പേടിയാണ്'; പ്രധാനമന്ത്രിക്ക് കത്തയച്ച ഗൗരിയെ തേടി സർക്കാർ

ഗൗരി മോദിക്ക് കത്തയച്ചു, കേന്ദ്രം ഇടപെട്ടു; ആദ്യം പ്രധാനമന്ത്രി, പിന്നെ മുഖ്യമന്ത്രി; ഒടുവിൽ കോഴിക്കോട്ടേക്ക്

aparna shaji| Last Modified ശനി, 19 നവം‌ബര്‍ 2016 (12:40 IST)
നോട്ട് നിരോധനവും സഹകരണ മേഖലയോടുള്ള അവഗണനയും ഒക്കെയായി കേരളത്തിൽ പ്രതിസന്ധികൾ ദിനംപ്രതി വളർന്നു വരികയാണ്. ഇതിനിടയിൽ തെരുവ്നായ്ക്കളും തനിനിറം കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിൽ തെരുവ് നായ്ക്കളെ പേടിച്ച് ഓടിയ പെൺകുട്ടി കിണറ്റിൽ വീണ് മരിച്ചതാണ് അവസാനത്തെ സംഭവം. നായ്ക്കൾക്കെതിരെ പ്രക്ഷോഭവും മാർച്ചും നടത്തിയ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഒരു പെൺകുട്ടി വ്യത്യസ്തയാവുകയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗൗരി ജയൻ. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗരി ജയന്‍. ആര്‍ക്കിടെക്ട് ജയന്‍ ബിലാത്തികുളത്തിന്റെയും സവിത ജയന്റെയും മകളാണ് ഈ മിടുക്കികുട്ടി. തെരുവ്നായ പ്രശ്നം അവൾ ബോധിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ്.

കഴിഞ്ഞ സെപ്തംബറിലാണ് ഗൗരി മോദിക്ക് കത്തയക്കുന്നത്. 'പ്രിയപ്പെട്ട മോദി ജീ, ഇന്ത്യയുടെ വികസനത്തിന്
വേണ്ടിയുള്ള താങ്കളുടെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്കിഷ്ടമാണ്. കോഴിക്കോട്ട് ബി ജെ പി ദേശീയ കൗണ്‍സില്‍ നടന്നപ്പോള്‍ എനിക്ക് താങ്കളെ നേരിട്ട് കാണാന്‍ കഴിഞ്ഞു. പട്ടികളെ എനിക്ക് പേടിയാണ്, തെരുവുനായയുടെ ശല്യംകാരണം എനിക്ക് ഇപ്പോള്‍ വഴിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുന്നില്ല. കൂട്ടുകാരോടൊപ്പം പുറത്തുപോയി കളിക്കാനോ അമ്പലത്തില്‍ പോവാനോ കഴിയുന്നില്ല," ഗൗരി കത്തില്‍ പറയുന്നു.

കത്ത് അയപ്പോൾ തിരിച്ച് മറുപടി ലഭിക്കുമെന്ന് ഗൗരി പ്രതീക്ഷിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഗൗരിയുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്ത്‌വന്നു. 30 ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കോർപറേഷൻ ഓഫീസിലേക്ക് കത്ത് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് കത്തിന്റെ പകർപ്പ് ഗൗരിക്ക് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :