പത്താൻകോട്ടിലേത് സുരക്ഷാ വീഴ്ച; പ്രധാനമന്ത്രി വിശദീകരണം നല്‍കണം, അമിതമായ ആത്മവിശ്വാസം ആപത്ത്- ആന്‍റണി

പത്താൻകോട്ട് ഭീകരാക്രമണം , നരേന്ദ്ര മോഡി , എകെ ആന്റണി , വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 7 ജനുവരി 2016 (13:49 IST)
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. വ്യോമസേന താവളത്തില്‍ കടന്നു ഭീകരര്‍ ആക്രമണം നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണം. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിട്ടും തടയാന്‍ കഴിയാതിരുന്നത് കേന്ദ്രഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയാണ്. പത്താൻകോട്ടിൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ അടുത്ത ദിവസമാണ് ആക്രമണമുണ്ടായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് രഹസ്യാനേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഭീകരരെ തടയാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലുമുണ്ടായ അമിതമായ ആത്മവിശ്വാസവും തലക്കനവുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്‌ക്ക് കാരണമായത്. അമിതമായ ആത്മവിശ്വാസം ആപത്താണ്. എന്നാൽ,
സോണിയാ ഗാന്ധിയുടെ വരവ് കോൺഗ്രസിൽ എന്തോ മായാജാലമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ സ്ഥിതിഗതികൾ മാറി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തിലുള്ള കേരളരക്ഷായാത്രയിൽ അതു പ്രകടമാണെന്നും ആന്റണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :