ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി, അറസ്‌റ്റ് അനാവശ്യം

ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി, അറസ്‌റ്റ് അനാവശ്യം

ന്യൂഡൽഹി| Rijisha M.| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (11:22 IST)
ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി
ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു.

തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.

മുൻപ് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു. നമ്പിനാരായണനെ മനഃപൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ സുപ്രീം കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :