കൊച്ചി|
jibin|
Last Updated:
ചൊവ്വ, 26 ഏപ്രില്‍ 2016 (15:49 IST)
എറണാകുളം പുല്ലേപ്പടിയിൽ പത്തുവയസുകാരനെ കുത്തിക്കൊന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റിച്ചിയാണ് കുത്തേറ്റു മരിച്ചത്. അയല്‍വാസിയായ അജി ദേവസ്യ എന്നയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഇയാള്‍ പൊലീസ് പിടിയിലായി. പ്രതി മാനസിക രോഗിയാണെന്ന് സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ 6.30 ഓടെ ആണ് സംഭവമുണ്ടായത്. കടയില്‍ നിന്ന് പാല് വാങ്ങി വരുകയായിരുന്ന റിച്ചിയെ അജി ആക്രമിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ശരീരത്ത് പതിനേഴോളം കുത്തേറ്റ റിച്ചിയെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നതാണ് മരണ കാരണമായത്. ആശുപത്രിയില്‍ എത്തിച്ച് അഞ്ചുമിനിറ്റകം കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം
ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ ആക്രമിച്ച അജി ദേവസ്യയെ (40) എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജി കഞ്ചാവിന് അടിമയാണെന്നും പറയപ്പെടുന്നുണ്ട്. സമീപവാസികളെ ഇയാള്‍ പല പ്രാവശ്യം ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, ഇയാള്‍ സ്വാഭാവികമായിട്ടാണ് പെരുമാറിയത്. കൂടുതല വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.