കുരിശില്‍ തൊട്ടാല്‍ മുഖ്യമന്ത്രിക്ക് പൊള്ളാനുള്ള കാരണം ഇതാണ്, ഉമ്മന്‍ചാണ്ടിക്ക് പിഴച്ചിടത്ത് പിണറായി ജയിക്കും!

കുരിശില്‍ തൊട്ടാല്‍ മുഖ്യമന്ത്രിക്ക് പൊള്ളാനുള്ള കാരണം ഇതാണ്, ഉമ്മന്‍ചാണ്ടിക്ക് പിഴച്ചിടത്ത് പിണറായി ജയിക്കും!

 pinarayi vijayan , munnar land case , munnar , christion sabha , cpm , cpi , സിപിഐ , റവന്യൂ ഭൂമി , മുഖ്യമന്ത്രി പിണറായി വിജയന്‍ , സർക്കാർ ഭൂമി , സിപി എം , സി പി ഐ , കുരിശ് പൊളിച്ച സംഭവം
തിരുവനന്തപുരം| സുനിതാ പ്രകാശ്| Last Updated: വ്യാഴം, 20 ഏപ്രില്‍ 2017 (19:54 IST)
ഒരു ഇടവേളയ്‌ക്ക് ശേഷം മൂന്നാര്‍ ഭൂമി സിപിഎമ്മിന് തലവേദനയാകുന്നു. അനധികൃത കൈയേറ്റങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാരുള്ളത്. കൈയേറ്റം ഒഴിപ്പിച്ചേ മതിയാകൂ എന്ന പരസ്യ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു ജില്ലാ ഭരണകൂടം. എന്നാല്‍, സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി നിർമിച്ച കുരിശ് പൊളിച്ചതിൽ അതൃപ്‌തിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇത്തരം നടപടികളില്‍ കൂടുതൽ ജാഗ്രതയും ശ്രദ്ധയും വേണം. സർക്കാർ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കിൽ ബോർഡ് സ്ഥാപിച്ച ശേഷം നിയമ നടപടികൾ സ്വീകരിച്ചാൽ മതിയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം പൊളിച്ചു നീക്കിയതിനെതിരെ സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്
രാജേന്ദ്രന്‍ രാവിലെ രംഗത്തെത്തിയിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം ജില്ലാ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം ശക്തമായി വിമര്‍ശിച്ചത്.

ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് സര്‍ക്കാരിനെതിരെ വികാരമുണ്ടാകുമോ എന്ന ഭയം മൂലമാണ് കുരിശ് പൊളിച്ച സംഭവത്തില്‍
മുഖ്യമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം നടത്തുന്നുണ്ട്. കുടിയേറ്റക്കാര്‍ കൂടുതലായുള്ള മൂന്നാറില്‍ ക്രിസ്‌ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലാണ്. ഭാവിയില്‍ ഇവരില്‍ നിന്നുണ്ടായേക്കാമെന്ന എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് കുരിശ് പൊളിച്ച വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പരസ്യശാസന നല്‍കിയത്.


തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത്. കൈയേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിവസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നുപുലര്‍ച്ചെ നാലുമണിയോടെയാണ് കുരിശും അതിനോട് ചേര്‍ന്ന നിര്‍മാണ പ്രവര്‍ത്തനവും പൊളിച്ചുനീക്കിയത്. രാവിലെ തന്നെ ഒരു വിഭാഗം ക്രിസ്‌ത്യന്‍ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നുവെങ്കിലും നിരോധനാജ്ഞയടക്കമുള്ള ഉത്തരവുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ പിരിഞ്ഞു പോകുകയാ‍യിരുന്നു.

ഈ സാഹചര്യങ്ങളെല്ലാം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സിപിഎമ്മിനെ ഏറെ വെള്ളം കുടിപ്പിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമൈ പുതിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ആവശ്യപ്പെട്ടാണ് ഇവര്‍ വീണ്ടും സമരത്തിറങ്ങുന്നത്. നേരത്തെ പെമ്പിളൈ ഒരുമൈ നടത്തിയ സമരം കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ കൈയേറ്റങ്ങള്‍ക്കെതിരെ നീങ്ങുന്നതും കുരിശ് പൊളിച്ചു നീക്കിയതും തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമോ എന്ന ഭയവും പിണറായി സര്‍ക്കാരിനുണ്ട്.

സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നായി പ്രതിഷേധം ശക്തമായിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ മരുന്നില്ല. എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്ന പ്രഖ്യാപനമുള്ളപ്പോള്‍ തന്നെ കുരിശ് നീക്കിയതില്‍ നിന്ന് ആരോപണങ്ങള്‍ ഉണ്ടാകുമോ എന്ന സന്ദേഹവും സര്‍ക്കാരിനുണ്ട്. ഇതിനെത്തുടര്‍ന്നാണ് വിഷയത്തില്‍
ജില്ലാ ഭരണകൂടത്തിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :