തിരുവനന്തപുരം|
സുബിന്‍ ജോഷി|
Last Modified ശനി, 15 ഫെബ്രുവരി 2020 (16:26 IST)
ഡി ജി പി ലോക്‍നാഥ് ബെഹ്‌റയ്‌ക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെഹ്‌റയ്‌ക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്
രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചത് തന്നോട് ആലോചിക്കാതെയാണെന്നും മുല്ലപ്പള്ളി.
ബെഹ്‌റ മുമ്പ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നതുകൊണ്ട് സി ബി ഐയുമായി പലതരത്തിലുള്ള ബന്ധവുമുണ്ടെന്നും ബെഹ്‌റയെ നരേന്ദ്രമോദിക്കും അമിത്‌ഷായ്ക്കും ഇഷ്‌ടമാണെന്നും മുല്ലപ്പള്ളി പറയുന്നു. അതുകൊണ്ട് ബെഹ്‌റയ്‌ക്കെതിരായ ആരോപണങ്ങള്‍ സി ബി ഐ അന്വേഷിക്കുന്നതില്‍ കാര്യമില്ലെന്നാണ് മുല്ലപ്പള്ളിയുടെ വാദം.
ബെഹ്‌റയ്‌ക്കെതിരായ വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കത്തയച്ചത് തന്നോട് ആലോചിക്കാതെയാണെന്നും ഇക്കാര്യത്തില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരള കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
ബെഹ്‌റയ്‌ക്കെതിരായ അന്വേഷണത്തിന്‍റെ വിഷയത്തില്‍ രമേശ് ചെന്നിത്തലയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. ആലോചിച്ച് മാത്രമാണ് ഞാന്‍ ഓരോ വിഷയത്തിലും അഭിപ്രായങ്ങള്‍ പറയുന്നത്. പരത്വ നിയമ ഭേദഗതിയില്‍ സി പി എമ്മിനോട് ചേര്‍ന്ന് പ്രക്ഷോഭം നടത്തിയാല്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല എന്ന എന്‍റെ നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് എല്ലാവര്‍ക്കും മനസിലായി. സി പി എമ്മിനൊപ്പം ചേര്‍ന്നാല്‍ അവര്‍ വഴിയില്‍ വച്ച് നമ്മളെ തള്ളിപ്പറയുമെന്ന് ഞാന്‍ അന്നേ രമേശിനോട് പറഞ്ഞിരുന്നു - മുല്ലപ്പള്ളി പറയുന്നു.