മുഖ്യമന്ത്രി നേരിട്ടു ഇടപെടും; മുകേഷിന്റെ രാജി ആവശ്യപ്പെടാന്‍ സാധ്യത

തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറയുന്നു

Mukesh MLA
Mukesh MLA
രേണുക വേണു| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2024 (15:46 IST)

ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന മുകേഷിനു എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ രണ്ട് സ്ത്രീകളാണ് മുകേഷിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ വളരെ ഗൗരവത്തില്‍ എടുക്കുന്ന സര്‍ക്കാര്‍ ഇനിയും മുകേഷിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ സാധ്യതയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നേരിട്ടു ഇടപെടുമെന്നാണ് വിവരം. സ്ഥിതി കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് മുകേഷ് രാജിവയ്ക്കുന്നതാണ് നല്ലതെന്ന് പാര്‍ട്ടിക്കുള്ളില്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ സ്വന്തം എംഎല്‍എയുടെ കാര്യം വരുമ്പോള്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുന്‍കാലങ്ങളില്‍ എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ല എന്ന വാദമാണ് സര്‍ക്കാര്‍ ഇതുവരെ ഉന്നയിച്ചത്. എന്നാല്‍ മുകേഷിനെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ഇനിയും പ്രതിരോധം തീര്‍ക്കേണ്ടതില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.

തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറയുന്നു. എന്നാല്‍ മുകേഷിനെതിരായ ആരോപണങ്ങളെ രാഷ്ട്രീയമെന്നു പറയാന്‍ സിപിഐ തയ്യാറല്ല. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരണമോ എന്നതില്‍ ചര്‍ച്ചകള്‍ കൂടാതെ ഉത്തരം പറയാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിനുള്ളില്‍ മുകേഷിനെതിരെ ശക്തമായ വികാരമുണ്ട്. എംഎല്‍എ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോഴത്തെ ലൈംഗിക ആരോപണങ്ങളും. ജില്ലാ നേതൃത്വത്തിന്റെ നിലപാട് കൂടി കണക്കിലെടുത്ത് എംഎല്‍എ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ മുഖ്യമന്ത്രി മുകേഷിനോടു ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :