അഭിറാം മനോഹർ|
Last Modified ശനി, 11 ഡിസംബര്‍ 2021 (14:34 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. ചാൻസിലർക്ക് അധികാരം നൽകാതെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രി കാര്യങ്ങൾ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്ന് മുനീർ പറഞ്ഞു. മുസ്ലീം ലീഗ് രാഷ്ട്രീയ സംഘടനയാണ്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട എന്നും മുനീർ അഭിപ്രായപ്പെട്ടു.
ഇഎംഎസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേത്. ഓടിളക്കിയല്ല ലീഗ് സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ ഞങ്ങളിനി സഭയിൽ ഇടപെടണ്ട എന്നാണോ?
പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ് മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. എംകെ മുനീർ പറഞ്ഞു.