എട്ടുവയസ്സുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Last Modified തിങ്കള്‍, 13 മെയ് 2019 (07:48 IST)
എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ സഹോദരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഉപ്പുതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് മർദനത്തിനിരയായ പെൺകുട്ടി. മകളെ മർദിക്കുന്നത് കണ്ടിട്ടും തടയുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യാതിരുന്നതിന് അമ്മയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഭർത്താവിന് തളർവാതം വന്ന് കിടപ്പിലായതിനെ തുടർന്നാണ് യുവതി മക്കളോടൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയത്. കേസിലെ പ്രതിയായ അനീഷാണ് ഇവരുടെ കാര്യങ്ങൾ കുറച്ച് നാളുകളായി നോക്കുന്നത്. ഇയാൾ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്.

യുവതിയും അനീഷുമായുള്ള ബന്ധത്തിൽ ഭർത്താവിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും യുവതിയുമായി പലതവണ വഴക്കുണ്ടാവുകയും ചെയ്തു. വീട്ടിൽ വരുന്നത് അച്ഛനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞതിനാണ് പെൺകുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :