തിരുവനന്തപുരം|
Last Modified ബുധന്‍, 4 നവംബര്‍ 2015 (13:46 IST)
തലസ്ഥാന നഗരിയിലെ തിരക്കേറിയ എം.ജി റോഡിലെ പാളയം മുതല്‍ കിഴക്കേകോട്ട വരെയുള്ള പ്രദേശത്തെ അനധികൃത പാര്‍ക്കിംഗ് മൂലമുള്ള ഗതാഗത തടസം ഒഴിവാക്കാനായി കര്‍ശന നടപടി വരുന്നു. ഇതിന്‍റെ ഭാഗമായി നവംബര്‍ ആറാം തീയതിമുതല്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയുള്ള സമയത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ചുമത്തും. ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അദ്ധ്യക്ഷനായുള്ള കോര്‍പ്പറേഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗമാണ് ഈ തീരുമാനം എടുത്തത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിനു രണ്ട് രൂപയും നാലു ചക്ര വാഹനങ്ങള്‍ക്ക് പത്തു രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ പാര്‍ക്കിംഗ് സമയം പരമാവധി ഒരു മണിക്കൂര്‍ മാത്രമാക്കി. പാര്‍ക്കിംഗ് നിരോധിച്ച സ്ഥലങ്ങളിലെ പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായി.
പാര്‍ക്കിംഗ് ഫീസ് പിരിക്കാനായി ഓരോ ഇരുനൂറു മീറ്ററിനുള്ളിലും ട്രാഫിക് വാര്‍ഡനെ ചുമതലയേല്‍പ്പിക്കും. ഇത് വിജയമെന്ന് കണ്ടാല്‍ റോഡ് ഫണ്ട് ബോര്‍ഡിന്‍റെ സഹകരണത്തോടെ സ്ഥിരമായി ഈ സംവിധാനം നടപ്പാക്കാനാണു തീരുമാനം.