അഭിഭാഷകരുടേത് ഗുണ്ടായിസമെന്ന് വി എം സുധീരൻ

മാധ്യമ സ്വാതന്ത്യം ഉറപ്പാക്കാൻ ഗവർണർ ഇടപെടണമെന്ന് സുധീരൻ

തിരുവനന്തപുരം| aparna shaji| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (12:19 IST)
കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകരുടെ നേരെയുണ്ടായ അഭിഭാഷകരുടെ വിളയാട്ടം ഗുണ്ടായിസമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. അഭിഭാഷകർക്ക് ധൈര്യം നൽകുന്നത് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടാണ്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിന് നടപടികൾ സ്വീകരിക്കണം. അഭിഭാഷക സംഘടന അതിന് തയ്യാറാകണം. ഇനി ഇത്തരമൊരു സംഭവം ഹൈക്കോടതിയിലോ മറ്റൊരു കോടതിയിലോ ഉണ്ടാകരുത് എന്നും സുധീരൻ വ്യക്തമാക്കി. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്യം ഉറപ്പാക്കാൻ ഗവർണർ ഇക്കാര്യത്തിൽ ഇടപെടണമെന്നും സുധീരൻ പറഞ്ഞു.

അഭിഭാഷകർ അടക്കമുള സംഘമായിരുന്നു ഇന്നലെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞത്. ഇറങ്ങിപ്പോയില്ലെങ്കിൽ അടിച്ചോടിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കോര്‍ട്ട് ഓഫീസര്‍ ചീഫ് ജസ്റ്റിസിനെ സംഭവം അറിയിക്കുകയായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍
രജിസ്ട്രാറിന്റെ മുന്നില്‍ പരാതി നല്‍കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വീണ്ടും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. പരാതി നല്‍കുന്നവര്‍ പുറത്തിറങ്ങാനും ധൈര്യം കാണിക്കണമെന്നായിരുന്നു അഭിഭാഷകരുടെ വെല്ലുവിളി. പിന്നീട് പോലീസ് സുരക്ഷയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :