കൊച്ചിയില്‍ നടന്നത് ‘മാവോയിസ്റ്റ് ചുംബനം’

കൊച്ചി| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (08:40 IST)
കൊച്ചിയില്‍ നടന്നത് ‘മവോയിസ്റ്റ് ചുംബനം’ ആണെന്ന് പൊലീസ്
രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ചുംബനക്കൂട്ടായ്‌മയുടെ പേരില്‍ അറസ്‌റ്റിലായവരില്‍ 17 പേര്‍ക്ക്‌ മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നു പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു‌‌. സമരരീതികളില്‍ മാറ്റം വരുത്തിയുള്ള പുതിയ രീതിയാണ്‌ മാവോയിസ്‌റ്റുകള്‍ നടപ്പാക്കിയത്. ചുംബനപ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയവരില്‍ മാവോയിസ്‌റ്റ്‌ ബന്ധമുള്ള 17 പേരുടെ വിവരങ്ങളടക്കം വിശദ റിപ്പോര്‍ട്ടാണ്‌ പൊലീസ്‌ ആഭ്യന്തര വകുപ്പിനു സമര്‍പ്പിച്ചത്‌.

പോരാട്ടം സംഘടനയുടെ സംസ്‌ഥാന കണ്‍വീനര്‍ മാനുവല്‍, ജോയിന്റ്‌ കണ്‍വീനര്‍ അഖിലന്‍, സര്‍ക്കാര്‍ ജീവനക്കാരനായ ജെയ്‌സണ്‍ ക്ലീറ്റസ്‌, അഡ്വ തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ നന്ദിനി, പി എന്‍ ജോയി, ആര്‍പിഎഫ്‌ നേതാവ്‌ അജയന്‍ മണ്ണൂരിന്റെ സഹോദരന്‍ അരവിന്ദന്‍, മാവോയിസ്‌റ്റെന്നു പോലീസ്‌ കണ്ടെത്തിയതോടെ ഒളിവില്‍ കഴിയുന്ന മുരളി കണ്ണമ്പള്ളിയുടെ ഭാര്യ വി സി ജെന്നി, സുജാ ഭാരതി, പ്രശാന്ത്‌ സുബ്രഹ്‌മണ്യം എന്നിവരടക്കം 17 പേര്‍ ചുംബനക്കൂട്ടായ്‌മയ്‌ക്കു നേതൃത്വം നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ചുംബനക്കൂട്ടായ്‌മ നടത്തിയതിന്‌ ഞായറാഴ്‌ച അറസ്‌റ്റിലായ 32 പേരില്‍ ഈ 17 പേരും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കെതിരേ കേസെടുത്ത പോലീസ്‌ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു.

കിസ്‌ ഓഫ്‌ ലവ്‌ എന്ന പേരില്‍ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മയായ ഫ്രീ തിങ്കേഴ്‌സ്‌ പ്രഖ്യാപിച്ച ചുംബനസമരത്തിന്റെ നിയന്ത്രണം മാവോയിസ്‌റ്റ്‌ ബന്ധമുള്ളവര്‍ പിടിച്ചെടുത്തതായാണ്‌ പോലീസ്‌ കണ്ടെത്തല്‍. പോരാട്ടം, സിപിഐ (എംഎല്‍) ഉള്‍പ്പെടെ സംഘടനകളുടെ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവരുടെ നിയന്ത്രണത്തിലാണ്‌ കാര്യങ്ങള്‍ നടന്നത്‌.
ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും ഇവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം പൊലീസ്‌ ആരംഭിച്ചു. സമരത്തിനിടെ അറസ്‌റ്റിലായവരെ വിട്ടുകിട്ടാന്‍ പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകര്‍ ഞായറാഴ്‌ച രാത്രി സൗത്ത്‌ സ്‌റ്റേഷനു മുന്നില്‍ പൊലീസിനെതിരേ രംഗത്തുവന്നിരുന്നു.

അതില്‍ പങ്കെടുത്തവരിലേറെയും മധ്യവയസ്‌ കഴിഞ്ഞവരാണ്‌. പ്രതിഷേധം നിയന്ത്രണം വിടുമെന്ന ഘട്ടത്തില്‍ പൊലീസ്‌ ഇവരെ അടിച്ചോടിച്ചിരുന്നു. കളമശേരിയില്‍ തസ്‌നിബാനുവിനെതിരേയുണ്ടായ അക്രമത്തിന്റെ പേരില്‍ പ്രതിഷേധമുയര്‍ത്തി പിന്നീട്‌ പുരോഗമന ജനാധിപത്യക്കൂട്ടായ്‌മയായി മാറിയ ചില സംഘടനകളിലെ പ്രവര്‍ത്തകരും ചുംബനക്കൂട്ടായ്‌മയ്‌ക്കു പിന്നിലുണ്ടായിരുന്നു. ഈ സംഘടനകള്‍ക്കെല്ലാം മാവോയിസ്‌റ്റു ബന്ധമുണ്ടെന്നാണ്‌ കണ്ടെത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :