തിരുവനന്തപുരം|
vishnu|
Last Modified ശനി, 31 ജനുവരി 2015 (09:15 IST)
ധനകാര്യ മന്ത്രി കെ.എം.മാണിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ ബാര്‍ കോഴക്കേസില്‍ കേന്ദ്ര ആദായനികുതി വകുപ്പ്
അന്വേഷണം ആരംഭിച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സേഷന് കീഴിലുള്ള കൊച്ചിയിലെ ഇന്‍വെസ്‌റ്റിഗേഷന്‍ ഡയറക്‌ടര്‍ ജനറലാണ് അന്വേഷണത്തിനുള്ള ഉത്തരവ് പുറത്തിറക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ വിശദമായ മൊഴി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.
ബുധനാഴ്ച തിരുവനന്തപുരം കവടിയാറുള്ള ആദായ നികുതി വകുപ്പ് ഓഫീസില്‍ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തല്‍. നടപടികള്‍ നാലര മണിക്കൂര്‍ നീണ്ടു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും ബിജു രമേശ് കൈമാറിയതായാണ് സൂചന. ബാര്‍ കോഴ ഇടപാട് സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ശബ്ദരേഖയുടെ സിഡി കൈമാറണമെന്ന് ബിജുവിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇതു പ്രകാരം സിഡി ഉടന്‍ കൈമാറാനാണ് ബിജുവിന്റെ തീരുമാനം. ബിജുവിന്റെ മൊഴിയും സിഡിയും വിശദമായി പരിശോധിച്ച ശേഷം അഴിമതി ബോദ്ധ്യപ്പെടുകയാണെങ്കില്‍ മാണിക്കെതിരെ കേസെടുക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
അങ്ങനെയാണെങ്കില്‍
മന്ത്രി കെഎം മാണി, കോഴ വാങ്ങിയെന്ന് ബാറുടമകള്‍ പറയുന്ന നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍, കോടികളുടെ കോഴപ്പണമൊഴുക്കിയ ബാറുടമകള്‍ എന്നിവരെല്ലാം അന്വേഷണ പരിധിയില്‍ വരും. ബാര്‍ കോഴയില്‍ അന്വേഷണ നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകുകയാണ്. ഇതു സംബന്ധിച്ച് സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജന്‍സി രംഗത്തുവന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.
അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്ന ആരോപനങ്ങളിക്കിടെ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത് മന്ത്രിസഭയ്ക്ക് തന്നെ ഭീഷണിയാണ്. വിജിലന്‍സിനോട് വെളിപ്പെടുത്താന്‍ തയ്യാറാവത്ത പല വിവരങ്ങളും ആദായ നികുതി വകുപ്പിനു കൈമാറാന്‍ ബിജു തയ്യാറായിട്ടുണ്ടെന്നാണ് സൂചന.
കെഎം മാണിക്ക് മൂന്നുകോടി രൂപ നല്‍കിയെന്ന് ബിജുരമേശ് ആദായനികുതി വകുപ്പിന് മൊഴിനല്‍കി. ഇതില്‍ 10ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതിന്റെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.
പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്ന് 20 കോടി രൂപ പിരിച്ചെടുത്തെന്ന് പറയുന്ന അസോസിയേഷന്‍ യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ്, സ്വര്‍ണവ്യാപാരികളില്‍ നിന്നും ബേക്കറിക്കാരില്‍ നിന്നും അരിമില്ലുടമകളില്‍ നിന്നും കോഴവാങ്ങിയതായി മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ബിജുവിന്റെ മൊഴിയിലുണ്ട്.
വകുപ്പ് കേസെടുത്താല്‍ പിരിവ് നല്‍കിയ ബാറുടമകള്‍ പണത്തിന്റെ ഉറവിടത്തിന്റെ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നല്‍കേണ്ടിവരും. 30 ശതമാനം ആദായനികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെങ്കിലും പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് വിശദീകരിക്കേണ്ടിവരും. അങ്ങനെവന്നാല്‍ കോഴവാങ്ങിയ മന്ത്രിമാരുടെ പേരുകള്‍ പുറത്താകും. കോഴ വാങ്ങിയ മന്ത്രിമാരുടെ വിവരങ്ങള്‍ ലഭിച്ചാല്‍ അവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ആദായനികുതി വൃത്തങ്ങള്‍ പറയുന്നു. ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയാല്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സിന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ടിവരും.
മന്ത്രിമാര്‍ക്ക് അപ്പീല്‍ നല്‍കി ഹിയറിംഗിന് ഹാജരാകേണ്ടിവരും കൂടാതെ ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍ തെറ്റാണെന്ന് തെളിയിക്കേണ്ടത് മന്ത്രിമാരുടെ ബാദ്ധ്യതയാകും.
ആദായനികുതി വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലായതിനാല്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ വിലപ്പോവില്ല എന്നതിനാല്‍ സംഭവം തെളിഞ്ഞാല്‍ പലരുടെയും രാഷ്ട്രീയ ഭാവി തന്നെ തുലാസിലാകും.
കോഴയാരോപണം ഉയര്‍ന്നിട്ട് മൂന്ന് മാസത്തോളമായിട്ടും പണം നല്‍കിയവരുടേയോ ആരോപണവിധേയരുടേയോ ബാങ്ക് അക്കൗണ്ടുകളോ ലോക്കറുകളോ പണമിടപാട് രേഖകളോ വിജിലന്‍സ് പരിശോധിച്ചിട്ടില്ല. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. റെയ്ഡുകള്‍ നടത്താനും ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കാനും അന്വേഷണ സംഘത്തിന് അനുമതിയുണ്ട്.