കണ്ണൂർ|
aparna shaji|
Last Modified ശനി, 4 മാര്‍ച്ച് 2017 (08:58 IST)
കൊട്ടിയൂരിൽ പതിനാറുകാരിയെ
വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മാപ്പ്
അപേക്ഷിച്ച് മാനന്തവാടി രൂപത. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്.
പുരോഹിതന്റെ അതിക്രമം ഉള്‍ക്കൊളളാനാകില്ലെന്നും രൂപത പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തില്‍ വ്യക്തമാക്കുന്നു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്നു ബിഷപ്പ് പറയുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊളളാനാകില്ലെന്നും കത്തിൽ സുചിപ്പിക്കുന്നു.
‘ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. എന്ന് കത്തിൽ പറയുന്നു.
സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവവും മറച്ചുവെച്ചതിനാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. രണ്ട് കന്യാസ്ത്രീമാരുള്‍പെടെ മൂന്ന് പ്രതികളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും.