പുലിമുരുകന്‍റെ നിര്‍മ്മാതാവില്‍ നിന്ന് 3.5 കോടി തട്ടിയെടുത്തു; ഹൈക്കോടതി അഭിഭാഷകന്‍ അറസ്റ്റില്‍

സിനിമാ നിര്‍മ്മാതാവിനെ കബളിപ്പിച്ച് മൂന്നര കോടി രൂപ തട്ടിയെടുത്ത ഹൈക്കോടതി അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി| Last Updated: ശനി, 3 സെപ്‌റ്റംബര്‍ 2016 (18:20 IST)
സിനിമാ നിര്‍മ്മാതാവിനെ കബളിപ്പിച്ച് മൂന്നര കോടി രൂപ തട്ടിയെടുത്ത ഹൈക്കോടതി അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി തുറവൂര്‍ മൂപ്പന്‍ കവല പാര്‍വതി വില്ലയില്‍ താമസം അഡ്വ. പി.എസ്. സര്‍വനാഥനാണു പൊലീസ് പിടിയിലായത്. ചാലക്കുടി കൊരട്ടി പഴവേലില്‍ വീട്ടിലെ അംഗമാണു പ്രതി.

ടോമിച്ചന്‍ മുളമുപാടം എന്ന പ്രസിദ്ധ സിനിമാ നിര്‍മ്മാതാവിനെ ആഡംബര വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. 2014 ലാണു മോഹന്‍ലാല്‍ ചിത്രമായ പുലി മുരുകന്‍റെ നിര്‍മ്മാതാവും വിദേശ മലയാളിയുമായ ടോമിച്ചന്‍ മുളകുപാടം സര്‍വനാഥനെതിരെ കേസ് നല്‍കിയത്. ആലുവ ഡി.വൈ.എസ്.പി ആര്‍.റസ്റ്റത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എറണാകുളം ചെങ്ങമനാട്ടെ മധുരപ്പുറത്തുള്ള തന്‍റെ സഹോദരന്‍റെ പേരിലുള്ള ആഡംബര വീട് വില്‍ക്കാനുണ്ടെന്ന് കാണിച്ചായിരുന്നു പണം തട്ടിയത്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും വീട് വിട്ടുകിട്ടിയില്ല. ഇതിനിടെ ഈ വീട് തൃശൂരെ ഒരു രാഷ്ട്രീയ നേതാവിനു വില്‍പ്പന നടത്തിയതായും വ്യാജരേഖയുണ്ടാക്കി.

എന്നാല്‍ പിന്നീട് ഈ വീട് പാലക്കാടുകാരനായ ഒരാള്‍ക്ക് ആറു കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സര്‍വനാഥന്‍റെ സഹോദരന്‍, ഭാര്യ എന്നിവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണു പരാതി. ഇവര്‍ ഇരുവരും അമേരിക്കയിലായതിനാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :