കൊച്ചി|
jibin|
Last Modified വ്യാഴം, 1 മാര്‍ച്ച് 2018 (18:07 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങുന്നു. ഈ മാസം 14ന് എല്ലാ പ്രതികളും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാൻ നിര്‍ദേശം. ദിലീപുള്‍പ്പെടെയുളള പ്രതികള്‍ക്ക് സമന്‍സ് അയക്കാനും കോടതി നിർദ്ദേശിച്ചു.
കേസിൽ അറസ്റ്റിലായി 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്. കേസില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.
അന്വേഷണ സംഘം നല്‍കിയ കുറ്റപത്രം സ്വീകരിച്ചതോടെ ആണ് ദിലീപ് അടക്കം പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചത്. പ്രതികളെ വിളിച്ചു വരുത്തിയ ശേഷമാകും വിചാരണ നടപടികള്‍ക്കായി കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറുക. വിചാരണ ഏത് കോടതിയില്‍ വേണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും.
2017 ഫെബ്രുവരി പതിനേഴിനാണ് നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് സംഭവത്തിന് പിന്നിലെ ക്വട്ടഷനടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നവംബര്‍ 22നാണ് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ എട്ടാം പ്രതിയുമായി അങ്കമാലി കോടതിയില്‍ 650 പേജുകളുള്ള അനുബന്ധ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്.