‘അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു സ്ഥാപനത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടരുത്’; മഹാരാജാസില്‍ കസേര കത്തിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

മഹാരാജാസിലെ കസേര കത്തിക്കല്‍ പ്രതിഷേധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി| സജിത്ത്| Last Modified ഞായര്‍, 5 മാര്‍ച്ച് 2017 (13:15 IST)
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനസ്തംഭമായ ഒരു സ്ഥാപനത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കരുതെന്നും മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന മനോവൈകൃതം ഒരുകാരണവശാലും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ വേദിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു സ്ഥാപനത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ഏതാനും ചിലര്‍ മാത്രം വിചാരിച്ചാല്‍ മതി. അപ്പോഴും മറ്റെല്ലാവരും ഉത്തമരായ മാതൃകകളായി നിലകൊള്ളുകയായിരിക്കും. പക്ഷെ ആ ഉത്തമരീതി പ്രകീര്‍ത്തിക്കപ്പെടുകയില്ല. ഈ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട രീതിയായിരിക്കും സമൂഹം ഏറ്റവുമധികം ശ്രദ്ധിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മ്മവേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളേജിലെ സദാചാര പൊലീസിങ്ങില്‍ പ്രതിഷേധിച്ച കഴിഞ്ഞ ജനുവരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ കസേര കത്തിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മൂന്ന് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പുറത്താക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :