മഞ്ചേരിയില്‍ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് എം പോക്‌സ് രോഗലക്ഷണങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (08:23 IST)

മലപ്പുറം മഞ്ചേരിയില്‍ എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്കു അയച്ചു. പരിശോധനാ ഫലം പുറത്തുവന്ന ശേഷമായിരിക്കും രോഗസ്ഥിരീകരണം.

ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് എം പോക്‌സ് രോഗലക്ഷണങ്ങള്‍. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

എം പോക്‌സ് ലക്ഷണങ്ങള്‍

കൈകള്‍, കാലുകള്‍, നെഞ്ച്, മുഖം, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കുമിളകള്‍ കാണപ്പെട്ടേക്കാം. മൂന്ന് മുതല്‍ 17 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ്. ചെറിയ കുരുക്കള്‍ ആയാണ് ആദ്യലക്ഷണം കാണിക്കുക. പിന്നീട് അവ വേദനയും ചൊറിച്ചിലും ഉള്ള കുമിളകളായി മാറും. പനി, ശരീരത്തിനു കുളിര്, ശരീരത്തില്‍ നീര്, പേശികളില്‍ വേദന, തലവേദന, ശ്വാസോച്ഛാസത്തില്‍ ബുദ്ധിമുട്ട്, മൂക്കടപ്പ്, തൊണ്ടവേദന എന്നീ ലക്ഷണങ്ങളെല്ലാം എംപോക്സിനു കാണിക്കാം. ശരീരത്തില്‍ അസാധാരണമായി കുമിളകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേണം. മാസ്‌ക് ധരിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :