ഭാഗ്യദേവതയുടെ മുന്നൂറ്റിപന്ത്രണ്ട് കോടി രൂപ വാങ്ങാന്‍ ആളില്ല

തിരുവനന്തപുരം| Sajith| Last Modified വെള്ളി, 15 ജനുവരി 2016 (10:55 IST)
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് മുന്നൂറ്റിപന്ത്രണ്ട് കോടി രൂപ ഇപ്പോഴും സര്‍ക്കാര്‍ ഖജനാവില്‍ വെറുതേ കിടക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

2011 ഏപ്രില്‍ മുതല്‍ 2015 നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം ഇത്തരത്തില്‍ സമ്മാനാര്‍‍ഹര്‍ എത്താത്തതിനാല്‍ 312,75,17,550 രൂപയാണ് ഖജനാവില്‍ കെട്ടിക്കിടക്കുന്നത്. ഇത് കൂടാതെ മുന്‍ കാലങ്ങളില്‍ ഇത്തരത്തില്‍ വന്ന കോടികള്‍ വേറെയുമുണ്ട് ഖജനാവില്‍.

മുന്നൂറ്റിപന്ത്രണ്ട് കോടിയില്‍ സമ്മാനാര്‍‍ഹരായ ഇരുപത്തെട്ട് പേര്‍ ടിക്കറ്റുകള്‍ ഹാജരാക്കിയെങ്കിലും ഇവരെല്ലാം തന്നെ അന്യ സംസ്ഥാന വിലാസമാണ് നല്‍കിയത് എന്ന് കാണിച്ച് ഇവര്‍ക്ക് ഭാഗ്യ തുക നല്‍കിയിട്ടുമില്ല. കള്ളപ്പണം വെളുപ്പിക്കാനാണ് മറ്റുള്ളവരില്‍ നിന്ന് ഭാഗ്യ ടിക്കറ്റ് വാങ്ങി സമ്മാനം വാങ്ങാന്‍ ഇവര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഈ തുക തടഞ്ഞിരിക്കുന്നത്.

അതേ സമയം ചികിത്സാ പദ്ധതി വഴി ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ കോടികള്‍ കുടിശിക വരുത്തിയിരിക്കുകയാണ് എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഇത്രയധികം ഭീമമായ തുക സര്‍ക്കാര്‍ ഖജനാവില്‍ കെട്ടിക്കിടക്കുന്നത് എന്നതാണ് വിരോധാഭാസം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :