ലോട്ടറി രാജാവിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ പണിതുടങ്ങി

 സാന്റിയാഗോ മാര്‍ട്ടിന്‍ , ലോട്ടറി കേസ് , കേരളം , കോടതി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 31 ജൂലൈ 2014 (16:30 IST)
ലോട്ടറി കേസില്‍ കേരളത്തിന് തിരിച്ചടി നേരിട്ടതോടെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ തടയാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനം തുടങ്ങി. ബിനാമികള്‍ വഴി കേരളത്തില്‍ പ്രവേശിക്കാനുള്ള വഴിയായിരിക്കും പ്രധാനമായും സര്‍ക്കാര്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്തിന് ലോട്ടറി നിയമ ലംഘനത്തിന് നടപടി എടുക്കാനുള്ള പൂര്‍ണ അധികാരമുള്ളതിനാല്‍ ക്രിമിനല്‍ കേസില്‍പ്പെട്ടയാളെ വിതരണക്കാരനായി അംഗീകരിക്കില്ലെന്ന് മറ്റ് സംസ്ഥാനങ്ങളെ കേരള സര്‍ക്കാര്‍ അറിയിക്കും. നേരത്തെ സാന്റിയാഗോ മാര്‍ട്ടിന്‍ സംസ്ഥാനത്ത് നേരിട്ടും വേറെ കമ്പനികള്‍ വഴിയും പിന്നീട് കമ്പനിയുടെ പേര് മാറ്റിയുമാണ് കേരളത്തില്‍ ലോട്ടറി തിരിമറി നടത്തിയത്.

ഇതിന് തടയിടാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കുറുക്കു വഴി തേടുന്നത്. ലോട്ടറി നിയമത്തില്‍ ലംഘനം നടത്തി അയ്യായിരം കോടി രൂപയുടെ ക്രമക്കേട് നടത്തി മൂന്ന് സിബിഐ കേസുകളില്‍ പ്രതിയായ സാന്റിയാഗോ മാര്‍ട്ടിനെ ഈ കാരണം മാനദണ്ഡമാക്കി തടയാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം. ഇത്രയും വലിയ കേസില്‍പ്പെട്ടയാളെ ലോട്ടറി ഇടപാടില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്ന് കേരളം മറ്റ് സംസ്ഥാനങ്ങളെ അറിയിക്കും.

കേരളത്തില്‍ ലോട്ടറി വില്‍പന നടത്തണമെങ്കില്‍ നടത്തിപ്പുകാരായ സംസ്ഥാനങ്ങള്‍ സര്‍ക്കാരുമായി ആദ്യം ബന്ധപ്പെടണം. പിന്നീട് ലോട്ടറി ഡയറക്ടറുടെ അനുമതിപത്രവും വാങ്ങണം. എന്നാലെ വിതരണക്കാരന് റജിസ്ട്രേഷന്‍ നല്‍കൂ. വിതരണക്കാരുടെയും കരാറിന്റെയും പൂര്‍ണവിവരങ്ങള്‍ കൈമാറണമെന്നും സര്‍ക്കാര്‍ നിലപാടെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :