തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 25 നവംബര്‍ 2015 (12:58 IST)
നെയ്യാറ്റിന്‍കരയില്‍ തോറ്റ സ്ഥാനാര്‍ഥിയുടെ മുടി മുറിച്ചെന്ന പരാതി വ്യാജമാണെന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം കെട്ടുകഥയാണെന്നും ആര്‍ക്കും സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ലെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
സാഹചര്യവും ശാസ്‌ത്രീയമായ തെളിവുകളും പരാതിക്കാരിയായ എല്‍ സതികുമാരിക്ക് എതിരാണ്. സാക്ഷിമൊഴികളും സംഭവം നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ തെളിവ് ശേഖരണത്തിലും കേസിന് ആസ്‌പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനു പുറമേ പ്രതികളെന്ന് പരാതിക്കാരി പറയുന്നവരാരും സംഭവ സമയത്ത് സ്‌ഥലത്ത് ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.
അമരവിള നീറകത്തല ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നു ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ തന്നെ മര്‍ദ്ദിക്കുകയും ബലമായി പിടിച്ച് മുടി മുറിയ്‌ക്കുകയായിരുന്നു എന്നുമാണ് സതികുമാരി പൊലീസിന് നല്‍കിയ പരാതി. സംഭവശേഷം അക്രമികള്‍ ഓടിപ്പോകുകയായിരുന്നുവെന്നും ഈ സമയം സമീപവാസിയായ ഒരു സ്‌ത്രീ അവിടേയ്‌ക്ക് എത്തിയിരുന്നുവെന്നും സതികുമാരി പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍, ബലപ്രയോഗത്തിലൂടെ മുടിമുറിച്ചു എന്ന പരാതിയെ തുടര്‍ന്ന് പൊലീസ് സംഭവ സ്‌ഥലത്ത് നടത്തിയ പരിശോധനയില്‍ ഒരു തലമുടി പോലും കണ്ടെടുക്കാനായിരുന്നില്ല. സംഭവസമയത്ത് അതുവഴി കടന്നുപോയിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞിരുന്ന സ്‌ത്രീയും ഇക്കാര്യം നിഷേധിച്ചു. അതേസമയം, എല്‍. സതികുമാരി ഇപ്പോഴും പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.