പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പാലക്കാട്| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (12:16 IST)
പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തേമ്പാറമട സ്വദേശി ഷാജഹാനെ(28) യാണ് ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി കെപി ജോണ്‍ ആണ് വിധി പ്രസ്താവിച്ചത്. 50,000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2009 ഓഗസ്റ്റ് 18നായിരുന്നു സംഭവം. കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയാണ്(18) കൊല്ലപ്പെട്ടത്.

കഞ്ചിക്കോട് ചുള്ളിമടയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന കൂട്ടുകാരികളോടൊപ്പം കോളജില്‍ നിന്ന് വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കില്‍ പിന്നാലെയെത്തിയ ഷാജഹാന്‍ കത്തികൊണ്ട് അഞ്ജുഷയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു.
ഇതിന്ശേഷം വിഷം കഴിച്ച് ചോരപുരണ്ട കത്തിയുമായി ഷാജഹാന്‍ റോഡില്‍ കിടന്നു. നാട്ടുകാര്‍ അഞ്ജുഷയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു മണിക്കൂറോളം റോഡില്‍ കിടന്ന ഷാജഹാനെ ചിറ്റൂരില്‍നിന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ ചികില്‍സയ്ക്കു കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. കണക്കമ്പാറയില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷാജഹാന്റെ ശല്യം സംബന്ധിച്ച് അഞ്ജുഷ വീട്ടുകാരോടു പരാതിപ്പെട്ടിരുന്നു. ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :