അപർണ|
Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (09:37 IST)
രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺസന്ദേശം. സംഭവത്തിൽ
തൃശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോൾ വധിക്കുമെന്നായിരുന്നു ഭീഷണി.
പുലർച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോൺ നമ്പർ കണ്ടെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയരാമനെ പൊലീസ് പിടികൂടിയത്. മദ്യലഹരിയിലാണു താൻ ഫോൺവിളിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.
എന്നാൽ എന്തിനാണ് ഇയാൾ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെയാണു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്.
ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.