കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം; പുതിയ അധ്യക്ഷനായി മുറവിളി

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 3 ജൂണ്‍ 2021 (17:08 IST)

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നു മാറ്റണമെന്ന് ആവശ്യം. തിരഞ്ഞെടുപ്പ് തോല്‍വി, കുഴല്‍പ്പണക്കേസ് വിവാദം, ജാനുവിന് പണം നല്‍കിയ വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കുന്നു. സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ആവശ്യപ്പെടുന്നത്. കൃഷ്ണദാസ് പക്ഷത്തിനു സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. സി.കെ.ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറയുമ്പോഴും ഇന്നലെ പുറത്തുവന്ന ശബ്ദരേഖ തന്റെയല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞിട്ടില്ല. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള നേതാക്കള്‍ പറയുന്നത്. ശോഭാ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാക്കളും പ്രവര്‍ത്തകരും കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനില്‍ക്കണമെന്നാണ് പറയുന്നത്. കേരളത്തില്‍ ബിജെപി ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച അത്ര പ്രകടനം പാര്‍ട്ടി നടത്താത്തതില്‍ കേന്ദ്രം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് സംസ്ഥാനത്തെ നേതാക്കളും അഭിപ്രായപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :