രേണുക വേണു|
Last Modified വ്യാഴം, 2 ഏപ്രില്‍ 2026 (12:08 IST)
തിരുവനന്തപുരം:കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. 'ക്ഷേമ കേരളം, വികസിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ജനപ്രിയ വാഗ്ദാനങ്ങളാല്‍ സമ്പന്നമായ പത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വെച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് പത്രികയിലെ പ്രധാന ആകര്‍ഷണങ്ങള്‍.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കുമെന്നും പെന്‍ഷന്‍ വിതരണം മുടങ്ങില്ലെന്ന് ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്രത്യേക പാക്കേജുകളും കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവിലയും പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.
യുവതലമുറയെ ലക്ഷ്യം വെച്ച് വന്‍ തൊഴില്‍ പദ്ധതികളാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐടി, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ നിക്ഷേപം ഇരട്ടിയാക്കുന്നതിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുന്നണി അവകാശപ്പെടുന്നു. തീരദേശ വികസനത്തിനും പ്രവാസികളുടെ പുനരധിവാസത്തിനും പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പൊതുവിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള 'കേരള മോഡല്‍' വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം ഭാവി കേരളത്തിനായുള്ള സമഗ്രമായ വികസന രൂപരേഖയാണ് തങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എല്‍ഡിഎഫിന് വലിയ മേല്‍ക്കൈ നല്‍കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
എല്‍ഡിഎഫ് പ്രധാനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ധിപ്പിക്കും
ഏറ്റവും ദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും
പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്‌മെന്റ്
തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 2 ലക്ഷം കോടി രൂപയുടെ വികസനം
കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ റെയില്‍
കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും