‘അനാഥാലയങ്ങളുടെ നിയന്ത്രണത്തിന് നിയമം വേണം’

തിരുവനന്തപുരം| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (13:41 IST)
അനാഥാലയങ്ങളുടെ നിയന്ത്രണത്തിനായി നിയമം കൊണ്ടു വരുന്ന കാര്യം ആലോചിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജെ ബി കോശി. എല്ലാ അനാഥാലയങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍വേ നടത്തും. പല അനാഥാലയങ്ങള്‍ക്കും ലഭിക്കുന്ന സംഭാവന,​ റേഷന്‍ പോലുള്ളവയ്ക്ക് കണക്കുകള്‍ പോലും സൂക്ഷിക്കുന്നില്ല. ഏതൊക്കെ കുട്ടികളാണ് താമസിക്കുന്നതിനെ കുറിച്ചും വിവരങ്ങളില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്തുന്നതിനോട് പല അനാഥാലയങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. രേഖകളും കണക്കുകളും കൃത്യമായി സൂക്ഷിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സര്‍വേയോട് നിസഹകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് അനാഥാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ പഠനത്തിനു ശേഷം കുട്ടികള്‍ തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങി പോവുന്നുണ്ടോയെന്ന് പരിശോധിക്കണം. കുട്ടികള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടോയെന്നും
പരിശോധിക്കേണ്ടതാണ്. അനാഥാലയങ്ങളില്‍ പീ‌ഡനം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ജെ ബി കോശി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :