ന്യൂഡല്‍ഹി|
jibin|
Last Updated:
തിങ്കള്‍, 20 ജൂലൈ 2015 (14:26 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്ര മന്ത്രി സുഷമ സ്വരാജ് നാല്‍പ്പത്തിയെട്ട്
മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്. അല്ലാത്ത പക്ഷം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം അഴിച്ചു വിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വിവാദങ്ങള്‍ നേരിടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ വിഷയവും, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി വ്യാജ സത്യവാങ്മൂലം നലകിയത് ഉള്‍പ്പെടെയുള്ളവയില്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും വര്‍ഷകാല സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മന്ത്രിമാര്‍ രാജിവെക്കുന്ന പ്രശ്നമില്ലെന്നും അധാര്‍മികമായോ നിയമ വിരുദ്ധമായോ അവര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പാര്‍ലമെന്‍്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു യോഗത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ഇരുപത്തിയൊന്ന് ദിവസം നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്.
അതേസമയം, ലളിത് മോഡി വിവാദത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തില്‍ നിലപാട് പാര്‍ലമെന്റിനെ അറിയിക്കാന്‍ സുഷമയ്ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.