തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 8 ഫെബ്രുവരി 2017 (14:26 IST)
ലോ അക്കാദമി കോളജിൽ കഴിഞ്ഞ 29 ദിവസമായി തുടർന്നുവന്ന അനിശ്ചിതകാല വിദ്യാർഥി സമരം അവസാനിപ്പിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് വിദ്യാർഥി സംഘടനകൾ സമരം പിൻവലിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ചേംബറിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥി, മാനേജ്മെന്‍റ് പ്രതിനിധികളും പങ്കെടുത്തു.
ആവശ്യമായ യോഗ്യതകള്‍ക്കൊപ്പം കാലാവധി നിശ്ചയിക്കാതെയാകും പുതിയ പ്രിൻസിപ്പലിനെ ലോ അക്കാദമിയിൽ നിയമിക്കുക. ഇത് സംബന്ധിച്ച് മാനേജ്മെന്‍റ് രേഖാമൂലം ഉറപ്പു നൽകി. ഈ ഉറപ്പിന് വിരുദ്ധമായ തീരുമാനം വന്നാൽ ഇടപെടുമെന്ന് മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ഇതോടെ പ്രിൻസിപ്പൽ ലക്ഷ്‌മി നായരുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാനേജ്മെന്‍റ് അംഗീകരിച്ചു.
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്,
മന്ത്രി വിഎസ് സുനിൽ കുമാർ എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വിദ്യാർഥികൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
വിദ്യാർഥി സമരം ഒത്തുതീർന്നതിനെ സ്വാഗതം ചെയ്യുന്നതായി നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. വിദ്യാർഥികളുടെ വിജയമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥി സമരം പുർണമായും വിജയിച്ചതിനാൽ സമരം അവസാനിപ്പിക്കുകയാണെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ വിഎസ് ജോയിയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുബേഷ് സുധാകരനും പ്രതികരിച്ചു.