കെഎസ്ആര്‍ടിസി ടൂറിസം ഡിവിഷന്‍ ആരംഭിക്കുന്നു: ഹൈദരാബാദില്‍ മൂന്ന് പകലും രണ്ട് രാത്രിയും
കെഎസ്ആര്‍ടിസി ടൂറിസം ഡിവിഷന്‍ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ദര്‍ശന്‍ യാത്രകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്‌റ്റ്വെയര്‍, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂര്‍ ഹോട്ടല്‍ ചൈത്രത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
സോഫ്റ്റ്വെയര്‍ നിലവില്‍ വന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമാനമായി കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏര്‍പ്പെടുത്തുന്നതാണ് പുതുതായി ഒരുക്കിയ സംവിധാനം.
കെഎസ്ആര്‍ടിസി ബസുകള്‍ ലീസിന് എടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് രണ്ട് ബസുകള്‍ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ജലഗതാഗത വകുപ്പിനെയും കെ എസ് ആര്‍ ടി സിയെയും സംയോജിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തീരുമാനിച്ചു. ജലഗതാഗത വകുപ്പ് സിയാലില്‍ നിന്ന് വാടകയ്ക്ക് എടുത്ത സോളാര്‍ ബോട്ടുകളില്‍ സെപ്റ്റംബര്‍ 30 മുതല്‍ പാര്‍വതി പുത്തനാറില്‍ ബോട്ടിങ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തില്‍ പങ്കാളിയാകാനുള്ള ചര്‍ച്ചകള്‍ കെഎസ്ആര്‍ടിസി തുടങ്ങി. ഇതിനായി ട്രക്കുകള്‍ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹൈദരാബാദില്‍ മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ചിലവഴിക്കുന്ന തരത്തില്‍ രണ്ട് പാക്കേജുകളാണ് യാത്രികര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ആരംഭിച്ച് അഗത്തി, കല്‍പ്പിട്ടി ദ്വീപുകള്‍ സന്ദര്‍ശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
