അപർണ|
Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (08:53 IST)
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ വാദം നടക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറി. വൈദികന് അനുകൂലമായ മൊഴിയാണ് പെൺകുട്ടിയും മാതാവും നൽകിയത്.
കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തേ പൊലീസിന് നല്‍കിയ മൊഴി മാതാവ് കോടതിയില്‍ മാറ്റിപ്പറഞ്ഞു. കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ആരംഭിച്ച ദിവസം തന്നെ ഇര കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് മാതാവും മൊഴി മാറ്റിപ്പറഞ്ഞത്.
വൈദികന്‍ മകളെ പീഡിപ്പിച്ചുവെന്ന് പൊലീസ് മുമ്പാകെ അമ്മ മൊഴി നൽകിയിരുന്നു. എന്നാൽ, വൈദികനും മകളും തമ്മിൽ പരസ്പരം ഇഷ്ടമായിരുന്നുവെന്നും ഇരുവരുടെയും സമ്മത പ്രകാരമായിരുന്നു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമായിരുന്നു കോടതിൽ പറഞ്ഞത്.
സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബര്‍ 17 ആണെന്നും അമ്മ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷന്‍, പെണ്‍കുട്ടിയുടെ യഥാര്‍ഥ ജനന തീയതി 1999 നവംബര്‍ 17 ആണെന്ന് ചൂണ്ടിക്കാട്ടി.
പീഡനത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക് പോക്‌സോ പ്രകാരം ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാവ് ഈ തുക കൈപ്പറ്റിയത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.