കൊല്ലം|
jibin|
Last Updated:
തിങ്കള്‍, 6 മാര്‍ച്ച് 2017 (21:17 IST)
സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയാണെന്ന് ആരോപിച്ച് കോളജ് മാനേജ്മെന്റ് പീഡിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍. കൊല്ലം ഉപാസന നേഴ്‌സിംഗ് കോളേജിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍
രംഗത്തെത്തിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ വസ്‌ത്രം മാറുമ്പോള്‍ മുറിയുടെ കതക് അടയ്‌ക്കാന്‍ അനുവാദമില്ല. വസ്‌ത്രം മാറണമെങ്കില്‍ കസേരവച്ച് വാതില്‍ ചാരിയാല്‍ മതിയെന്നാണ് നിര്‍ദേശം. കതക് അടച്ചാല്‍ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയും രഹസ്യമായി ഫോണ്‍ ചെയ്യുമെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
പ്രിന്‍സിപ്പല്‍ ജെസിക്കുട്ടി ജാതി വിവേചനം കാണിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും പതിവാണ്. മുറിയില്‍ നിന്ന് സ്വകാര്യ ഡയറികള്‍ അവര്‍ എടുത്തുകൊണ്ടു പോകുകയും പരസ്യമായി വായിക്കുകയും ചെയ്യാറുണ്ട്. അസ്ലീല വീഡിയോകള്‍ കാണുമെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ആഴ്ചയില്‍ ഒരു തവണ പൊതുഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.
നേഴ്‌സിംഗ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരാന്‍ മാത്രമേ അനുമതിയുള്ളൂ. വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരാന്‍ അനുവദമില്ല. സംഘടനയ്ക്ക് വേണ്ടി കോളജ് അധികൃതര്‍ നിര്‍ബന്ധിതമായി പണം പിരിക്കാറുണ്ട്. എന്നാല്‍ ഈ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ന്യൂസ് മിനിറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.