തിരുവനന്തപുരം|
jibin|
Last Modified ശനി, 7 നവംബര്‍ 2015 (16:34 IST)
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായ സാഹചര്യത്തില്‍ പറഞ്ഞ വാക്കില്‍ ഉറച്ചു നിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി ജനവിധി അംഗീകരിച്ച് പുറത്തുപോകണം. പാർലമെന്റ്
തെരഞ്ഞെടുപ്പിലെ നേട്ടം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എന്ന പോലെ ഈ തെരഞ്ഞെടുപ്പും സർക്കാരിന്റെ ഹിതപരിശോധനയാണെന്നാണ്
കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും അത്തരത്തിലാണ് പറഞ്ഞത്. ആ വാക്കുകള്‍ക്ക് വില നല്‍കുന്നുവെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചു പുറത്തു പോകണം. മറിച്ച് പറഞ്ഞ വാക്കുകള്‍ വെറുതെയാണെങ്കില്‍ സർക്കാരിന് ഇഷ്ടമുള്ള വഴി സ്വീകരിക്കാമെന്നും കോടിയേരി പറഞ്ഞു.
മുമ്പൊക്കെ ഓരോ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും മുഖ്യമന്ത്രി ഇതുപോലെ പറഞ്ഞിരുന്നു. അന്നൊക്കെ യു.ഡി.എഫിന് നേട്ടമുണ്ടായതു കൊണ്ട് മുഖ്യമന്ത്രി അതിൽതന്നെ ഉറച്ചുനിന്നു. ഇപ്പോൾ ജനങ്ങൾ നേരെ വിപരീതമായി വിധിയെഴുതിയിരിക്കുന്നു. അഴിമതി ഭരണത്തിനെതിരായ ശക്തമായ പ്രതികരണമാണിതെന്നും കോടിയേരി പറഞ്ഞു. വർഗീയതയ്ക്കെതിരായ വിധിയെഴുത്താണിത്. ചിലയിടങ്ങളിൽ ബി.ജെ.പി രണ്ടാതെത്തിയത് ഗൗരവമായി കാണണം. എന്നാൽ പാർലമെൻഡ് തെരഞ്ഞെടുപ്പിലെ നേട്ടം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.